തിരുവനന്തപുരം: കോർപറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ സിപിഎം കൗണ്‍സിലർ എസ്.പി. ദീപകിനെതിരെ മേയർ വി.വി. രാജേഷ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അഞ്ചു കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയൽ ചെയ്തത്. വ്യാജ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് കേസ്.
ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പു പറയണമെന്നും അഡ്വ. സെന്തിൽകുമാർ മുഖേനെ ഫയൽ ചെയ്ത പരാതിയിൽ വി.വി രാജേഷ് ആവശ്യപ്പെട്ടു. അതേസമയം കോർപറേഷൻ കൗണ്‍സിലിന്റെ ഹാജർ ബുക്കിൽ വ്യാജമായി ഒപ്പ് രേഖപ്പെടുത്തിയെന്ന എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപകിന്റെ പരാതിയിൽ മ്യൂസിയം പൊലിസ് മേയറും സെക്രട്ടറിയും അടക്കമുള്ളവർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.